ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിസ്റ്റുകളായി. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും. മേയ് 16ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. സെമിഫൈനലിൽ എൻസോ ഫെർണാണ്ടസിന്റെ ഗോളിൽ ചെൽസി ലീഡ്സിനെ വീഴ്ത്തി.
മത്സരത്തിൽ 23-ാം മിനിറ്റിലാണ് അർജന്ൈറൻ താരം എൻസോ ഫെർണാണ്ടസ് ചെൽസിക്കായി ഗോൾ നേടിയത്. മത്സരത്തിൽ സമഗ്രാധിപത്യം പുലർത്തിയായിരുന്നു ചെൽസിയുടെ മുന്നേറ്റം. എന്നാൽ സ്കോറിംഗിൽ കിതച്ചു.
സതാംപ്ടണിനെ തോൽപ്പിച്ചാണ് മാഞ്ചെസ്റ്റർ സിറ്റി ഫൈനലിലെത്തിയത്. ഫിൻ അസസിലൂടെ 79-ാം മിനിറ്റിൽ സതാംപ്ടണ് ലീഡെടുത്തെങ്കിലും ഗോളാവേശം നീണ്ടുനിന്നത് മൂന്നുമിനിറ്റ് മാത്രം. 82-ാം മിനിറ്റിൽ ജെറമി ഡോകുവിന്റെ ഗോളിൽ സമനില പിടിച്ച സിറ്റി നിശ്ചിത സമയം അവസാനിക്കാൻ മൂന്നുമിനിറ്റ് ശേഷിക്കേ വിജയഗോളടിച്ചു. ഇതോടെ ഫൈനലിലേക്ക് എൻട്രി ടിക്കറ്റും നേടി. നികോ ഗോണ്‍സാലസാണ് സിറ്റിക്കുവേണ്ടി വിജയഗോൾ നേടിയത്.
ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ മാഞ്ചെസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ് സ്വന്തമാക്കാനായാൽ നേട്ടമാകും. പ്രീമിയർ ലീഗിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 33 മത്സരത്തിൽ 21 ജയത്തോടെ 70 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള സിറ്റിക്കുള്ളത്. 73 പോയിന്റുള്ള ആഴ്സനലാണ് ഒന്നാം സ്ഥാനത്ത്.